ചരിത്രവും കഥകളും അന്ധവിശ്വാസവുംകെ എല്‍ മോഹനവര്‍മ്മ
ഇപ്പോള്‍ നമ്മുടെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മിക്കവാറും എല്ലാ സംഭവങ്ങളെയും സ്വാധീനിക്കുന്നതും വാര്‍ത്താപ്രാധാന്യം ലഭിക്കുന്നതും മതവും ജാതിയുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച തികച്ചും ഭൗതികമായ പ്രശ്‌നങ്ങളില്‍പ്പോലും മതവും ജാതിയുമാണ് പ്രധാന ചാലകശക്തിയായി പ്രത്യക്ഷപ്പെടുന്നത്. അഭ്യസ്തവിദ്യരായ, പുറം നാടുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, എന്തു പുതിയ പ്രവണതയെയും ഉള്‍ക്കൊള്ളാന്‍ ഒരു മടിയും കാണിക്കാത്ത, തൊലിയുടെ നിറത്തിലും ശരീരഘടനയിലും വ്യത്യാസമില്ലാത്ത നമ്മള്‍ എങ്ങിനെ ഈ ജാതി, മതം എന്ന വേര്‍തിരിവ് നമ്മുടെ ദൈനംദിനജീവിതത്തിലെ പ്രധാന ഐറ്റമാക്കി എന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ രസകരമായ പല അറിവുകളും നമുക്കു ലഭിക്കും.
ഭയം. വിജ്ഞാനത്തെ പാര്‍ശ്വവത്ക്കരിക്കുന്ന അന്ധവിശ്വാസം.
അതിന് കൂട്ടു നില്‍ക്കുന്ന ചരിത്ര കഥകളും.
ചരിത്രമല്ല, ചരിത്രകഥകള്‍.
എന്റെ സുഹ്യത്ത് പ്രസിദ്ധ ചരിത്രപണ്ഡിതനായ എം ജി എസ് നാരായണന്‍ പറഞ്ഞു. പഴശ്ശി രാജാ കുതിരപ്പുറത്ത് കയറി ഒരു യുദ്ധവും നടത്തിയിരുന്നില്ല. കേരളചരിത്രത്തിന് കോമണ്‍സെന്‍സോടെ ഭാഷ്യം നല്‍കിയ പി കെ ബാലക്യഷ്ണന്‍ എഴുതി. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നാല്‍പ്പത്തിഒന്നു നദികളിലും വേനല്‍ക്കാലത്തു പോലും വെള്ളമുണ്ടായിരുന്നു. നദികള്‍ തമ്മില്‍ പത്ത് മൈലിലേറെ അകലമില്ല. കേരളക്കരയില്‍ നാട്ടു വഴികള്‍ പോലും ഉണ്ടായിട്ട് 250 വര്‍ഷമേ ആയിട്ടുള്ളു. വടക്കന്‍ പാട്ടുകളില്‍ തച്ചോളി ഒതേനന്‍ വേലി ചാടിയും വരമ്പു താണ്ടിയുമാണ് സഞ്ചരിച്ചത്. നാട്ടു പാതയിലൂടെയല്ല. തിരുവിതാംകൂര്‍ പ്രദേശത്ത് ആദ്യമായി ഒരു നാട്ടുവഴി വന്നത് വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ യുദ്ധം ചെയ്ത് അയല്‍ നാടുവാഴികളെ തോല്‍പ്പിച്ച് അവരുടെ നാട് സ്വന്തമാക്കാമെന്ന ഐഡിയ പ്രാവര്‍ത്തികമാക്കാന്‍ മറവപ്പടയ്ക്കു അയിത്തമില്ലാതെ സഞ്ചരിക്കാന്‍ തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേക്ക് ഒരു പൊതു വഴി വെട്ടിയപ്പോഴാണ്. മൂന്നു നൂറ്റാണ്ടു പോലുമായിട്ടില്ല സംഭവം നടന്നിട്ട്. കുതിരപ്പട്ടാളങ്ങള്‍ പോയിട്ട് കാലാള്‍പ്പടകള്‍ പോലും കേരളത്തില്‍ ഭാവനാസ്യഷ്ടിയേ ആകാനിടയുള്ളു.
എങ്കിലും നമുക്ക് പഴശ്ശിരാജാ കുതിരപ്പുറത്ത് കുതിക്കുന്നതാണിഷ്ടം.
പഴശ്ശിരാജയ്ക്ക് മമ്മുട്ടിയുടെ ഛായയാണ്. സംശയമില്ല.
ചരിത്രം എന്നും ഭാവനയിലൂടെയാണ് രൂപപ്പെട്ടത്. അതിന്റെ പ്രധാന കാരണം ഏറ്റുമുട്ടലുകളില്‍ തോല്‍ക്കുന്ന ജനപദത്തിന്റെ ചരിത്രം പൂര്‍ണ്ണമായും രേഖകളില്‍ നിന്ന് ഇല്ലാതാക്കുന്ന പ്രവണത വിജയികള്‍ പൊതുവെ കാട്ടിയിരുന്നു എന്നതാണ്. ചൈനയിലും ഈജിപ്തിലും എല്ലാം ഇതു സംഭവിച്ച രേഖകളുണ്ട്. വിജയികളുടെ ദൈവീകത്വവും അപ്രമാദിത്വവും വിളംബരം ചെയ്യുന്ന സ്തുതിപാഠകരുടെ കീര്‍ത്തനങ്ങളോ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി കഥാക്യത്തുക്കള്‍ രചിച്ച സാഹിത്യക്യതികളോ ആകും പിന്നീട് ചരിത്രരേഖകള്‍ക്ക് അവലംബമായി മാറുന്നത്. അതുകൊണ്ടാണ് ലോകമാനവചരിത്രം ഒട്ടും ആധികാരികമല്ല എന്ന് നമുക്കു തോന്നിപ്പോകുന്നത്.
ഇത് സത്യമാണ്. വെറും അഞ്ഞൂറു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ നഗരം മെക്‌സിക്കോയിലെ ടെനോടിക്ലാന്‍ ആയിരുന്നുവെന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ പറ്റുമോ? മൂന്നര ലക്ഷമായിരുന്നു ആ നഗരത്തിന്റെ ജനസംഖ്യ. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ലണ്ടന്‍ നഗരത്തില്‍ അന്ന് എണ്‍പതിനായിരം ജനങ്ങളേയുള്ളു.
ടെനോടിക്ലാന്റെ പതനം ശരിക്കും പുരാതനസംസ്‌ക്കാരങ്ങളെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി ചരിത്രത്തില്‍ നിന്നുപോലും നിഷ്‌ക്കാസിതമാക്കിയ പ്രക്രിയയുടെ നല്ല ഉദാഹരണമാണ്. ഇന്നത്തെ ലാറ്റിന്‍ അമേരിക്ക എന്നു വിളിക്കപ്പെടുന്ന മദ്ധ്യദക്ഷിണ
അമേരിക്കന്‍ ഭൂവിഭാഗങ്ങളിലെ പത്തോളം സംസ്‌ക്യതികളിലെ മുഖ്യനായിരുന്നു ആസ്‌ടെക്ക്. അവരുടെ തട്ടയമായിരുന്നു ടെനോടിക്ലാന്‍ .
2012 ല്‍ ലോകം അവസാനിക്കുമെന്ന മായന്‍ കലണ്ടറില്‍ അടുത്ത കാലത്ത് പ്രസിദ്ധമായി നാം ലേശം ഭയപ്പെട്ട ജ്യോതിശ്ശാസ്ത്രപ്രവചനം പോലെ അന്ന് ഒരു പ്രവചനമുണ്ടായി. 1519 ല്‍ ദൈവപുത്രന്‍ പ്രത്യക്ഷപ്പെടും. നിലാവു പോലെ വെളുത്ത തൊലിയും നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയുമായി ഹെര്‍ണന്‍ കോര്‍ട്ടസ് എന്ന സ്പാനീഷ് പടത്തലവന്‍ തന്റെ കപ്പല്‍സേനയുമായി അന്നാണ് അവിടെ എത്തിയത്. ആസ്‌ടെക്ക് ചക്രവര്‍ത്തി മോക്ടസുമ, ഈ രൂപം ദൈവപുത്രന്റെയാണെന്നു തീര്‍ച്ചയാക്കി രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ ത്യക്കാല്‍ക്കല്‍ അടിയറ വച്ചു. ആയുധമെടുക്കാതെ രാജ്യം മുഴുവന്‍ കൈയിലാക്കിയ കോര്‍ട്ടസ് ഒന്നു ചെയ്തു. ജനങ്ങള്‍ താന്‍ ദൈവപുത്രനല്ലെന്ന് ഭാവിയില്‍ സംശയിക്കാതിരിക്കാന്‍ ചക്രവര്‍ത്തിയുള്‍പ്പെടെ ആ ജനസമൂഹത്തെ മുഴുവന്‍ കൊന്നു. തെക്കനമേരിക്കയിലെ സ്പാനിഷ് കൊളാണിയല്‍ കൈയടക്കലിന്റെ ആദ്യ പടി അതായിരുന്നു.
അന്ധവിശ്വാസത്തിന് ആയുധങ്ങളെക്കാള്‍ ശക്തിയുണ്ട്.
മാനവസമൂഹത്തിന്റെ നാം അറിയുന്ന ചരിത്രം ആ അന്ധവിശ്വാസത്തിന്റെ ശക്തിയില്‍ നിലനിന്നതാണ്. വിജയികള്‍ക്കു വേണ്ടി വിജയികളാല്‍ രചിക്കപ്പെട്ട അവയുടെ ആധികാരികതയെ വിഷമിപ്പിക്കുന്ന ചോദ്യങ്ങളിലൂടെ വര്‍ത്തമാന തലമുറകള്‍ തള്ളിക്കളയാതിരിക്കാനായി അദ്യശ്യനായ ദൈവത്തിന്റെ പ്രകടമായ സാന്നിദ്ധ്യം ഓരോ ചരിത്രസംഭവങ്ങളിലും ഉണ്ടായിരുന്നതായി വിജയികള്‍ വിശ്വസിപ്പിച്ചിരുന്നു.
ഭയം. വിശ്വാസം. അനുസരണ. ഒപ്പം അതിന് ബലം നല്‍കാനായി ആചാരങ്ങളും. ശാസ്ത്രം പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ദൈവസങ്കല്‍പ്പത്തെ പിടിച്ചുലയ്ക്കാന്‍ തുടങ്ങുന്നുണ്ടെങ്കിലും നമുക്കിഷ്ടം ചന്ദ്രനിലേക്ക് പോകുന്ന പേടകം ബഹിരാകാശത്തേക്കയക്കുന്നതിനു മുമ്പ് വിളക്കു കൊളുത്തി ഗണപതിക്കു തേങ്ങയടിച്ച് അനുഗ്രഹം വാങ്ങുന്നതിലാണ്. പ്രേമാഭ്യര്‍ത്ഥനയുമായി കാമുകിയെ നേരിടാന്‍ തയാറാകുന്നിനു മുമ്പ് കണ്ണടച്ച് ഒരു നിമിഷം കുരിശു വരച്ച് പ്രാര്‍ത്ഥിക്കുന്നതിലാണ്.
തുടക്കം മുതല്‍ നമുക്ക് ഇതു തന്നെയായിരുന്നു സ്ഥിതി. മിന്നലും വെള്ളിടിയും ഇരുട്ടും ഉയര്‍ത്തിയ ഭയം കാരണമാണ് ആദിമമനുഷ്യന്‍ ദൈവത്തെ സ്യഷ്ടിച്ചത്. ദൈവത്തിന് പക്ഷെ ഓരോ സംസ്‌ക്യതിയിലും അവരവരുടെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യവും പ്രത്യേകതകളും അനുസരിച്ചുള്ള ഭിന്നരൂപങ്ങളായിരുന്നു. കാലക്രമത്തില്‍ സ്ഥാപനവത്കരിക്കപ്പെട്ട മതം സംസ്‌ക്യതിയുടെ ചട്ടക്കൂട് ഏറ്റെടുത്തപ്പോള്‍ ദൈവത്തിന് തങ്ങളുടേതായ രൂപവും പെരുമാറ്റച്ചട്ടവും നല്‍കി. അത് അന്നുവരെ നിലനിന്നിരുന്ന വിഭിന്ന സംസ്‌ക്കാരങ്ങളെ പാര്‍ശ്വവത്കരിച്ചു.
ലോകത്തില്‍ കിസ്തുവിനുമുമ്പുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്ന 49 സംസ്‌ക്യതികളെല്ലാം ഇന്നു ഒരു റിസര്‍ച്ചു വിദ്യാര്‍ത്ഥിക്കുപോലും കണ്ടുപിടിക്കാന്‍ നിവര്‍ത്തിയില്ലാത്ത വിധം നശിച്ചു കഴിഞ്ഞിരിക്കുന്നു. മെസപ്പെട്ടോമിയന്‍, മോഹന്‍ജദാരോ, സിന്ധു, റോമന്‍, ഗ്രീക്ക്, ചൈനീസ്, ലെവാന്ത്, ഏജിയന്‍, ഈജിപ്ത്, കുശ്, ആക്‌സം, നോര്‍ട്ടെ ചിക്കോ, ഒല്‍മെക്ക്, സ്‌പോട്ടെക്ക്, മായന്‍ തുടങ്ങിയ മിക്കവാറും എല്ലാം തന്നെ മതങ്ങളുടെ ശക്തമായ ആവിര്‍ഭാവത്തോടെ സ്വത്വം നഷ്ടപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷമായി. പഴയ കാലത്തെ പാശ്ചാത്യസംസ്‌ക്കാരങ്ങളില്‍ ഏറ്റവും ഉന്നതിയില്‍ കണ്ടിരുന്ന ഗ്രീക്ക് റോമന്‍ സംസ്‌ക്യതികള്‍ ഏതന്‍സിലെ കൂറ്റന്‍ കളിക്കളങ്ങളുടെ അവശിഷ്ടങ്ങളിലും റോമാ നഗരത്തിലെ മ്യൂസിയങ്ങളിലുമായി വിനോദസഞ്ചാരികളുടെ പ്രദര്‍ശനവസ്തുക്കളായി മാറിയിരിക്കുന്നത് ഇതിന്റെ നല്ല ഉദാഹരണമാണ്.
പലയിടത്തും ഭൂമുഖത്തു നിന്നും സംസ്‌ക്യതികളുടെ സ്വത്വത്തെ ദൈവത്തിന്റെ ഉടമസ്ഥരായി വന്ന മതം നൂറായിരം കഥകളിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.
കേന്ദ്രീക്യതമായ ഒരു ഇന്ത്യന്‍ ഭരണകൂടത്തിന്റെ കീഴിലും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലം വരെ കഴിയേണ്ടി വന്നിട്ടില്ലാത്ത നമ്മുടെ കേരളത്തിന്റെ ചരിത്രത്തില്‍ നമ്മുടേതായ സംസ്‌ക്യതി തേടിപ്പിടിക്കാനാകാത്ത വിധം വരത്തരുടെ ദൈവവും ഭയവും നമ്മെ കീഴ്‌പ്പെടുത്തി. ഒരു വ്യവസ്ഥാപിതമതത്തിന്റെ കേരളക്കരയിലെ തുടക്കം ക്രിസ്തുവിന്റെ ജനനത്തിന് അഞ്ഞൂറ്റി എണ്‍പത്തേഴ് കൊല്ലം മുമ്പ് നബുച്ചാദ് നസര്‍ എന്ന രാജാവ് ബാബിലോണിയക്കാരുടെ തടങ്കലില്‍ നിന്ന് ഇസ്രയേലിലെ ജൂതരെ മോചിപ്പിച്ചപ്പോള്‍ അവരില്‍ ഒരു വലിയ കൂട്ടം മലങ്കര എന്നു വിളിച്ചിരുന്ന മലബാര്‍ തീരത്തെത്തി ആദ്യത്തെ ജൂതസെറ്റില്‍മെന്റ് കൊടുങ്ങല്ലൂരിനടുത്ത് രൂപപ്പെടുത്തിയപ്പോഴാണ്. സഹ്യപര്‍വതത്തിന്റെ അതിരു കടന്ന് കേരളക്കരയില്‍ അക്കാലത്ത് ഒരു വ്യവസ്ഥാപിതമതവും ശക്തമായ സാന്നിദ്ധ്യം പുലര്‍ത്തിയിരുന്നില്ല. എക്കാലവും ഒഴുക്കുണ്ടായിരുന്ന അനവധി നദികള്‍ക്കും കൈവഴികള്‍ക്കും ഇടയിലെ അന്യോന്യം വിരളമായി മാത്രം ബന്ധം വച്ചിരുന്ന സമൂഹത്തിന് തങ്ങളുടേതായ പ്രാക്യത മുത്തപ്പ ദൈവസങ്കല്‍പ്പത്തിനപ്പുറം ഒരു ക്രോഡീക്യതആത്മീയ ചിന്തകളോ ആചാരങ്ങളോ പോലും ഉണ്ടായിരുന്നില്ല.
ഇന്ന് ഭൗതികതയിലേക്കുള്ള സമൂഹത്തിന്റെ പരക്കം പാച്ചിലിനിടയില്‍ ഒരു സമാനശക്തിപോലെ മതം അതിന്റെ എല്ലാ വിഘടിത സ്വഭാവവിശേഷങ്ങളുമായി ഒപ്പം പായുന്ന വികലമായ ഒരു കാഴ്ച്ചയാണ് നാം കാണുന്നത്. സത്യത്തില്‍ ഇത് മതങ്ങളുടെ ആന്തരികമായ രൂപമല്ല, വെറും നിഷ്ടകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ന് അപ്രസക്തമായ ആചാരങ്ങളുടെയും കൂട്ടിക്കുഴച്ചില്‍ മാത്രമാണ് എന്ന് വിശദീകരിക്കാമെങ്കിലും അതിന്റെ തിക്തകഫലത്തില്‍ നിന്ന് മോചനം നേടാന്‍ നമ്മെ സഹായിക്കുന്ന ഒരു വ്യക്തമായ ചിന്ത നമുക്ക് ഇല്ലാതായിരിക്കുകയാണ്.
ഈ പശ്ച്ചാത്തലത്തില്‍ ദേശീയതയും മതാചാരങ്ങളുമായുള്ള അഭേദ്യമായ ബന്ധവും അവയുടെ ഏറ്റക്കുറച്ചിലുകള്‍ മതത്തിനോ രാഷ്ട്രത്തിനോ വിവിധ മേഖലകളില്‍ ഉണ്ടാക്കാവുന്ന ലാഭനഷ്ടങ്ങളും പൊതുവെ സമൂഹത്തിനുണ്ടാകാവുന്ന ശക്തിയും ദൗര്‍ബല്യവും നാം കാണേണ്ടതാണ്.
ഇന്ത്യന്‍ വംശജനായ സാഹിത്യത്തിന് നോബല്‍ സമ്മാനം ലഭിച്ച നായ്പാളിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഒരു രാഷ്ട്രത്തിന്റെ കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ മതം ഇടപെടേണ്ടത് മുമ്പ് സമൂഹനന്മയ്ക്ക് ഒരാവശ്യമായിരുന്നു. ഇന്ന് ജനാധിപത്യസംവിധാനം മെല്ലെയാണെങ്കിലും ഈ കടമകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമായി വരികയാണ്. അമ്പതു കൊല്ലത്തിനകം മതം ചരിത്രത്തിന്റെ താളുകളിലേക്ക് മാറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
പക്ഷെ ഭയമോ ?
ശാസ്ത്രം ഇതേ ഭയത്തിലൂടെ നമ്മെ അടിമകളാക്കുകയാണോ ?
എനിക്കു ഭയമുണ്ട്..
Courtesy: Mathrubhoomi and K.L. Mohanavarma
http://www.mathrubhumi.com/story.php?id=434381