Saturday, March 12, 2016

കളിചിരി മറന്നു പോയ പ്രായം!

അടുത്തിടെ 43 വയസ്സ് പ്രായമുള്ള ഒരാളെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോൾ അറിയാൻ കഴിഞ്ഞു പുള്ളിക്കാരന് പ്രമേഹ രോഗമാണെന്ന്. ഞാൻ കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിച്ച കൂട്ടത്തിൽ പുള്ളിക്കാരന് രണ്ട് മക്കൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു ( ഒരാണും ഒരു പെണ്ണും ). പുള്ളി വിവാഹത്തിന് മുൻപ് വരെ വ്യായമം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. ക്രിക്കറ്റ്, വോളിബോൾ, കബഡി എന്നീ കളികളിലും പുള്ളി പങ്കെടുത്തിരുന്നു. കല്ല്യാണ ശേഷം പുള്ളി തന്റെ പഴയ ചങ്ങാത്തമെല്ലാം ഉപേക്ഷിച്ച് തികച്ചും ഒരു 'ഉത്തരവാദിത്തമുള്ള' ഗൃഹനാഥനായി മാറി. പുള്ളി ഇപ്പോൾ എന്തെങ്കിലും വ്യായാമം ചെയ്യുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. അതിന് കിട്ടിയ ഒരു ഉത്തരം സമയമില്ല എന്നുള്ളതായിരുന്നു. ഞാൻ പുള്ളിയോട് പ്ലസ് വൺ പഠിക്കുന്ന മകളുടെ കൂടെയോ എഞ്ചിനീയറിംഗ് പഠിക്കുന്ന മകന്റെ കൂടെയോ എന്ത് കൊണ്ട് ബാഡ്മിൻറനോ ക്രിക്കറ്റോ കളിക്കാത്തത് എന്ന് ചോദിച്ചു. "അതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ", "നാട്ടുകാർ എന്ത് പറയും'' എന്നുള്ള മറുപടികൾ എന്നിക്ക് കിട്ടി.

എനിക്ക് തോന്നുന്നത് ഈ അണ്ഡകടാഹത്തിൽ ഒരു പ്രായം കഴിഞ്ഞാൽ 'കുട്ടികളികൾ ' അപ്പാടെ നിർത്തുന്ന ഒരു സ്പീഷിസ് നമ്മൾ മനുഷ്യരായിരിക്കും. കുട്ടികാലത്തിൽ നമ്മൾ കാണിക്കുന്ന കുസൃതികളും കുട്ടികളികളും ചാടി മറിയലും ഡാൻസ് കളിക്കുന്നതും മൂളിപ്പാട്ട് പാടുന്നതും ഓടുന്നതും ചാടുന്നതും നമ്മൾ 'പ്രായപൂർത്തി' ആയ ഉടൻ തന്നെ നമ്മളും നമ്മുടെ സമൂഹവും അതിന് വിലക്ക് കൽപ്പിക്കുന്നു. 

കുട്ടികൾ, പ്രത്യേകിച്ചും പത്ത് വയസ്സിന് താഴെയുള്ള, പലപ്പോഴും കുസൃതികളിൽ ഏർപ്പെടാറുണ്ട്. ചില മാതാപിതാക്കളും അദ്ധ്യാപകരും അതൊരു പ്രശ്നമായികണ്ട് തടയിടാറുണ്ട് (ഹൈപ്പർ ആക്ടീവ് കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കുന്നു). ഇങ്ങനെ തടസ്സപ്പെടുത്തുമ്പോൾ അവൻ കൂടുതൽ വാശിക്കാരനാകാനുള്ള ചാൻസ് കൂടുതലാണ്. അവന്റെ പ്രോബളം സോൾവിംഗ് സ്കിൽസ് നന്നാക്കാനും ചിലപ്പോൾ ഈ വികൃതികൾ സാധിച്ചു എന്ന് വരാം (ഇവിടെ ആവശ്യം മുതിർന്നവരുടെ സൂപ്പർവിഷൻ മാത്രമാണ്). എനിക്ക് ഓർമ്മ വരുന്നത് എന്റെ ഒരു സുഹൃത്തിനെയാണ്. കുട്ടിക്കാലത്ത് അവനെ അവന്റെ അമ്മ പുറത്തേക്ക് കളിക്കാനോ കൂട്ടുകൂടാനോ വിടില്ലായിരുന്നു. ഇപ്പോൾ സോഷ്യൽ സ്കിൽസിൽ അവൻ വളരെ പിറകിലാണ്. 

ഒരു പ്രായം കഴിഞ്ഞാൽ 'മസ്സിൽ ' പിടിച്ചാണ് ജീവിക്കേണ്ടത് എന്ന നിയമം അലിഖിതമായി എഴുതി വച്ചിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് ശരിയാണോ? മുൻപ് സൂചിപ്പിച്ചത് പോലെ മനുഷ്യവർഗ്ഗം മാത്രമാണ് ഈ ഒരു ലൈനിൽ മാറിപ്പോയത്. നമ്മൾ കുസൃതികൾ മറക്കുന്നു, കളിചിരികൾ മറക്കുന്നു, നമുക്ക് ഇഷ്ടപ്പെട്ട വിനോദങ്ങൾ മറക്കുന്നു, എന്നിട്ട് നമ്മൾ 'മനുഷ്യമൃഗമായി' ജീവിക്കുന്നു. 

മുതിർന്നവരും കുട്ടികളികളും അവർക്കിഷ്ടപ്പെട്ട വിനോദങ്ങളിലും വ്യായാമത്തിലും (sports activities) ഏർപ്പെടുമ്പോൾ അവർക്ക് ലഭിക്കുന്ന benefits എന്താണെന്ന് ഈ വീഡിയോ കണ്ടു നോക്കുമ്പോൾ നമുക്ക് മനസ്സിലാകും!

https://www.ted.com/talks/stuart_brown_says_play_is_more_than_fun_it_s_vital?language=en