Thursday, March 27, 2014


ആദ്യത്തെ ടി.വി.

1984-85 കാലഘട്ടം: കുട്ടികാലത്തില്‍ ഞാനും എന്‍റെ അനിയനും (വല്ല്യഅപ്പി),
 അനിയത്തിയും (മോള്) കൂടി അടുത്ത വീട്ടിലെ ടി.വി. കാണാന്‍ വേണ്ടി
അനുഭവിച്ചിട്ടുള്ള കഷ്ട്ടപാടുകള്‍ ഞാന്‍ ഓര്‍ത്തു പോകുകയാണ്.  അതെ ഓരോ
കാലഘട്ടത്തിലും അതാതു തലമുറകള്‍ക്ക് ചില "കഷ്ട്ടതകള്‍" അനുഭവിക്കേണ്ടതായി
വരും. ഞങ്ങളുടെ കുട്ടികാലത്ത് ടി.വി. ആയിരുന്നു "കഷ്ട്ടതകള്‍"
അനുഭവിപ്പികാന്‍ വേണ്ടി ഉണ്ടായിരുന്ന ഒരു ഉപകരണം!

ഞങ്ങളുടെ കൂടെ കഷ്ട്ടത അനുഭവിക്കാന്‍ ജുഗ്നുവിന്റെ അമ്മയും കൂടെ ഉണ്ടാകും
ആയിരുന്നു.  ഞങ്ങള്‍ അവരെ ഫസല്‍ ആന്റി എന്നാണു സ്നേഹപൂര്‍വ്വം
വിളിച്ചിരുന്നത്‌.  അവര്‍ക്ക് ഹിന്ദി സിനിമ വളരെ അധികം
ഇഷ്ട്ടമായിരുന്ന്നു.  ഒരു പരിധി വരെ ഹിന്ദി സിനിമ ആയിരുന്നു എന്റെ
ആദ്യകാലത്തുള്ള ഹിന്ദി വിദ്യാഭ്യാസത്തിന്റെ അടിത്തറ എന്ന് പറയാം!
ഞങ്ങളുടെ അയല്‍പക്കങ്ങളില്‍ അന്ന് ടി.വി ഉണ്ടായിരുന്നത് ബൈജു-ഷാജി
അണ്ണന്‍മാരുടെ വീട്ടില്‍ ആയിരുന്നു.  അവരുടെ മമ്മി വീട് വൃത്തി ആയി
സൂക്ഷിക്കുന്ന കാര്യത്തില്‍ വളരെ കര്‍ക്കശ ആയിരുന്നു.  അവരുടെ വീട്
മൊസൈക് പാകിയതായിരുന്നു.  ഞങ്ങള്‍ ചേറിലും മണ്ണിലും കളിച്ചിട്ട് ടി.വി
കാണാന്‍ മമ്മിയുടെ വീട്ടില്‍ പോകുമ്പോള്‍ ചില നേരം നല്ല ശകാരം മമ്മിയുടെ
വക കിട്ടുമായിരുന്നു.  പാവം ഷാജി അണ്ണനും ബൈജു അണ്ണനും പിന്നെ അവരുടെ
പപ്പയും ഒന്നും പറയാതെ നിസ്സഹരായി ഇരിക്കുന്ന ദൃശ്യം എനിക്ക് ഇപ്പോളും
ഓര്‍മയുണ്ട്.


അന്ന് ഒരു മഴക്കാലം ആയിരുന്നു.  പതിവ് പോലെ മോളുടെയും വല്യഅപ്പിയുടെ
കാലിലും, എന്റെ കാലിലും ആവശ്യത്തിലധികം ചെളി ഉണ്ടായിരുന്നു. അങ്ങനെ മമ്മി
ഞങ്ങള്‍ക്ക് ടി.വി കൊട്ടകയില്‍ പ്രവേശനം അനുവദിച്ചില്ല.  ഞാനും മോളും
വല്ല്യഅപ്പിയും കൂടി മമ്മിയുടെ വീടിന്റെ ഗേറ്റ്നു കീഴുള്ള വിടവില്‍ കൂടി
കുനിഞ്ഞു കിടന്നു ടി.വി കണ്ടത് എനിക്ക് ഇന്നും ഓര്‍മ ഉണ്ട്.  ഞങ്ങള്‍ മഴ
നനയുന്ന കാര്യം ഞങ്ങളുടെ അമ്മ അറിഞ്ഞിരുന്നില്ല. പക്ഷെ ഞങ്ങളുടെ അമ്മൂമ്മ
അത് കണ്ടു.  അമ്മുമ്മക്ക് വളരെ അധികം ദേഷ്യം വന്നു. ഞങ്ങള്‍ക്ക് നല്ല
വഴക്കും കിട്ടി.  പക്ഷെ ഇന്ന് തോന്നുന്നു അമ്മുമ്മക്ക് ദേഷ്യം മാത്രം
ആയിരിക്കില്ല സഹതാപവും സങ്കടവും അന്ന് ഉണ്ടായിരിന്നിരിക്കണം.


ആ കാലത്ത് ആണ് ഞങളുടെ അനിയത്തി മോള് ഞങ്ങളെ വിട്ടു പരിഞ്ഞത്. മോളുടെ
മരണത്തിനു ശേഷം അച്ഛന് ടി.വി. വാങ്ങാന്‍ ഉള്ള സാമ്പത്തിക ശേഷി വന്നു.
അച്ഛന്‍ ഒരു പക്ഷെ ഞങ്ങള്‍ക്ക് സമ്മാനിച്ച ഒരു വലിയ സമ്മാനം ആയിരിക്കണം
അന്ന് ആ ടി.വി.   കാരണം അച്ഛന് അന്ന് കിട്ടിയിരുന്ന ശമ്പളം വളരെ കുറവ്
ആയിരുന്നു.  അതില്‍ നിന്ന് ഞങ്ങളുടെ "കഷ്ട്ടത"  അകറ്റാന്‍ വേണ്ടി നല്ലൊരു
അക്കം ടി.വി. വാങ്ങാന്‍ മാറ്റുന്നതിന് മുന്‍പ് തീര്‍ച്ചയായും അച്ഛന്‍
നൂറു വട്ടം ചിന്തിച്ചിട്ടുണ്ടാവണം.   അങ്ങനെ ഞങ്ങള്‍ക്ക് അന്ന് ആദ്യമായി
ഒരു ടി.വി സ്വന്തമായി കിട്ടി.  പക്ഷെ അത് ആസ്വദിക്കാന്‍ എന്റെ മോള് ഈ
ലോകത്ത് ഉണ്ടായിരുന്നില്ല.    ടി.വി കാണാന്‍ വേണ്ടി ഞങ്ങളുടെ വീട്ടില്‍
ഞങ്ങളുടെ സുഹൃത്തുകളും അയല്‍പക്കകാരും വന്നു തുടങ്ങി,  ഫസല്‍ ആന്റി
ആയിരുന്നു മുന്‍പില്‍ !  ഞങ്ങളുടെ അനുഭവം ഒരാള്‍ക്കും വരാതിരിക്കാന്‍
വേണ്ടി ഞങ്ങള്‍ വളരെ അധികം ശ്രദ്ധിച്ചിരുന്നു, പ്രതേകിച്ചു എന്റെ അമ്മ!
ഞങ്ങള്‍ക്ക് അന്ന് കൊട്ടി അടക്കാന്‍ ഇരുമ്പ് ഗേറ്റ് ഇല്ലായിരുന്നു,
പിന്നെ ഞങ്ങളുടെ വീട് മൊസൈക് പാകിയതും അല്ലായിരുന്നു!

No comments:

Post a Comment