Sunday, June 21, 2020

എന്റെ സൈക്കിൾ ഡയറി

free counters ഇന്ന് ലോക സൈക്കിൾ ദിനമെന്ന് രാവിലെ ന്യൂസ് കണ്ടപ്പോൾ ആണ് അറിഞ്ഞത്. എങ്കിൽ എന്റെ സൈക്കിൾ അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് കരുതി ! അച്ഛന് പണ്ടൊരു ഗിയർ സൈക്കിൾ ഉണ്ടായിരുന്നു. ആ കാലത്ത് അങ്ങനൊരു സൈക്കിൾ മറ്റാരുടെയും കൈയ്യിൽ ഞാൻ കണ്ടിട്ടില്ല. എന്നെയും അനിയനെയും അനിയത്തിയെയും ഈ സൈക്കിളിന്റെ മുന്നിലും (പ്രത്യേക സീറ്റ് ഉണ്ടായിരുന്നു ) പിന്നിലും നടുക്കും ഇരുത്തി അച്ഛൻ സൈക്കിൾ ഉരുട്ടി ഞങ്ങളെ സ്ക്കൂളിൽ കൊണ്ട് പോകുന്നത് ഇപ്പോഴും എന്റെ കണ്ണിൽ നിന്ന് മായുന്നില്ല. കുട്ടിക്കാലം മുതൽ എനിക്ക് ഈ സൈക്കിളിൽ ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ അച്ഛൻ കണ്ണുരുട്ടുമായിരുന്നു. എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോളാണ് ബൈജു അണ്ണൻ എനിക്ക് സൈക്കിളോടിക്കാൻ പഠിപ്പിച്ചു തരുന്നത്. അന്ന് സൈക്കിളിന് ഞങ്ങളുടെ ഏക ആശ്രയം നന്തൻകോടുള്ള #ഭായിയുടെയും #പണിക്കരുടെയും സൈക്കിൾ വർക്ക്ഷോപ്പ് കടകളായിരുന്നു. പണിക്കരുടെ ചുവപ്പു സൈക്കിളിനായിരുന്നു ഡിമാന്റ്. മണിക്കൂറിന് 50 പൈസ ആയിരുന്നു വാടക. വാടകയ്ക്കെടുത്ത സൈക്കിൾ ഞങ്ങൾ ആർത്തി മൂത്ത് ചവിട്ടുമ്പോൾ ആ ഒരു മണിക്കൂർ വെറും പത്ത് മിനിട്ടു പോലെ തീരുമായുരുന്നു. സൈക്കിൾ തിരിച്ച് കടയിൽ കൊടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടുപ്പിന്റെ താഴെ ഇല്ലാ എന്നും ഞാൻ എയറിൽ ഫ്ളോട്ട് ചെയ്യുന്നു എന്ന് തോന്നുന്ന ആ അനുഭവം എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു. ഒരു ദിവസം പണിക്കരുടെ സൈക്കിൾ അവറാച്ചന്റെ ഇടവഴിയിൽ നിന്ന് താഴോട്ട് ഓടിച്ച് ചന്ത മതിലിൽ ഇടിച്ചിട്ട്, സൈക്കിൾ മിണ്ടാതെ ഉരിയാടാതെ പണിക്കരുടെ കടയിൽ തിരിച്ച് കൊടുത്ത് മടങ്ങിയതിന് ഞാൻ മിനിമം ഒരു ധീരതയ്ക്കുള്ള അവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. വീട്ടിൽ വന്നു കുളിക്കാൻ തലയിൽ കൂടെ വെള്ളമൊഴിച്ചപ്പോളാണ് അവാർഡുകൾ കൈമുട്ടിലും കൈവിരലുകളിലും നല്ല പോലെ കിട്ടിയെന്ന വിവരം അറിഞ്ഞത്. സൈക്കിൾ യജ്ഞത്തിൽ കിട്ടിയ ഒരു സുഹൃത്താണ് ജോസ്. എനിക്ക് വാട്സ് ലൈനായിരുന്നു വീട്ടുകാർ നിശ്ചയിച്ചിരുന്ന ബൗണ്ടറി. പക്ഷേ ഞാനും ജോസ്സും വാട്സ് ലൈൻ വിട്ട് YMR, ചാറിച്ചിറ, നളന്ദ റൂട്ടുകൾ വഴി ചീറി പാഞ്ഞു. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ സൈക്കിൾ തന്നു. പറഞ്ഞറിയിക്കാത്ത സന്തോഷമായിരുന്നു അന്ന്. ഒരുപാട് നാൾ ഞാൻ ആ സൈക്കിൾ ഓടിച്ചു. പക്ഷേ കുറച്ച് മുതിർന്നപ്പോൾ കൂട്ടുകാരെല്ലാം ബൈക്കിലും മറ്റും പോകുന്നത് കണ്ട് ഞാൻ അച്ഛന്റെ സൈക്കിൾ ഉപക്ഷിച്ചു. ഇപ്പോൾ അത് തെറ്റായി പോയി എന്ന് തോന്നുന്നു. അച്ഛന് സ്ട്രോക്ക് വന്ന ശേഷം അച്ഛനും സൈക്കിൾ ഉപയോഗിക്കാതെയായി. അവസാനം ഞങ്ങടെ വീട്ടിൽ തേങ്ങയിടാൻ വരുന്ന ആൾക്ക് അച്ഛൻ ആ സൈക്കിൾ സമ്മാനമായി നൽകി. ഇന്ന് ആ സൈക്കിൾ തിരിച്ചു കിട്ടിയിരുന്നു എങ്കിൽ കൊള്ളാമെന്ന് ആഗ്രഹിച്ചു പോകുന്നു. ഒന്നും കൂടി ഒരു സൈക്കിൾ യജ്ഞത്തിന് റെഡിയാകാൻ...

No comments:

Post a Comment