Sunday, June 21, 2020

മുതുകുളത്തിന്റെ ചായക്കട

free counters നന്തൻകോട് ബസ്സ് സ്റ്റോപ്പിന്റെ ഇടത് വശത്ത് ചേർന്ന് പണ്ട് റിസർവ് ബാങ്ക് കോർട്ടേഴ്സിലെ വലിയ തണൽ മരത്തിന്റെ കീഴെയായിരുന്നു മുതുകുളത്തിന്റെ ചെറിയ ചായക്കട. ആൾകാർക്ക് നിന്ന് കുടിച്ചിട്ട് പോകാവുന്ന ഒരു കുടൂസ് കട ! ഞാൻ സ്ക്കൂളിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോൾ മുതുകുളത്തിന്റെ ചായക്കട വളരെ കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു. നന്തൻകോട് ഇന്ന് കാണും പോലെ കളർഫുൾ അല്ലായിരുന്നു അന്ന്, പക്ഷേ ചുറ്റും തണൽ മരത്തിൽ നിന്നുള്ള മഞ്ഞപ്പൂക്കൾ വീണു കിടക്കുന്ന മുതുകുളത്തിന്റെ നീല പെയ്ന്റടിച്ച ആ ചെറിയ കട, ചാറാച്ചിറ കുളത്തിൽ ഒരു ആമ്പൽ പൂവ് തനിയെ വിരിഞ്ഞു നിൽക്കും മാതിരി, നന്തൻകോടിന് ഒരു പ്രത്യേക നിറം നൽകിയിരുന്നു. രാവിലെ അഞ്ച് മണിയ്ക്ക് കട തുറന്ന് രാവിലെത്തെ ആദ്യ ട്രയിൻ പിടിക്കാൻ പോകുന്നവർക്കും നാട്ടിലെ വീട്ടിലെ ചായ കുടിക്കാൻ താത്പര്യമില്ലാത്തവർക്കും മുതുകുളത്തിന്റെ ചായ ഒരു ആശ്വാസമായിരുന്നു. ഞാനും പലപ്പോഴും മുതുകുളത്തിന്റെ കടയിൽ പോയി ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ പറഞ്ഞപ്പോൾ അമ്മ തന്ന ഉപദേശം ഇപ്പോഴും ഓർമ്മയുണ്ട്, "വീട്ടിൽ അടുപ്പ്പുകായത്തവർക്കാണ് ചായക്കട. ഇവിടെ ഒരു കുഴപ്പവുമില്ല, നിനക്ക് ചായ ഞാൻ തരാം!" ഇപ്പോഴോ കാലം മാറി കഥ മാറി, വീട്ടിൽ അടുപ്പു പുകഞ്ഞാലും പുകഞ്ഞില്ലെങ്കിലും പുറത്തുന്നുള്ള ഭക്ഷണം നമ്മുടെ ശീലമായി, ആഗോളവത്ക്കരണത്തിന്റെ ബൈ പ്രോഡക്ട്സ്! പക്ഷേ, ഞാൻ വിട്ടില്ല, രാവിലെ ജിമ്മിൽ പോകുന്ന നേരത്ത് ട്രാക്ക് സൂട്ടിലെ പോക്കറ്റിൽ നിന്ന് ചില്ലറ പൈസ നീട്ടി ആദ്യമായി മുതുകുളത്തിനോട് ഒരു ചായ ചോദിച്ചതും അദ്ദേഹം ഗൗരവമാർന്ന മുഖത്തോട് കൂടി പുതിയ കസ്റ്റമറെ അടിമുടി നോക്കിയിട്ട് നീ ശശിയുടെ മോനല്ലേ എന്ന് ചോദിച്ചതും ഇപ്പോഴും ഇന്നലെ നടന്ന പോലെ ഓർമ്മയുണ്ട്. അന്ന് നന്തൻകോട്ടുള്ളവർക്ക് പരസ്പരം എല്ലാ പേരെയും അറിയാമായിരുന്നു. ഇന്ന് ജംഗ്ഷനിലോട്ട് ചെന്നാൽ എപ്പോഴും ചിരിക്കുന്ന രാജനണ്ണനും, അഭിലാഷണ്ണനും, വെസ്റ്റേൺ ബേക്കറിയും ഒഴിച്ചാൽ മിക്കവരും അപരിചിതർ, എല്ലാപേർക്കും എല്ലാപേരും അപരിചിതർ. മുതുകുളം വയസ്സായിട്ടാണോ കട നിർത്തിയത് അതോ കോർപ്പറേഷൻ അധികൃതർ കട മാറ്റാൻ പറഞ്ഞതാണോ എന്നറിയില്ല. മുതുകുളവും ഇപ്പോൾ ഓർമ്മകളിൽ മാത്രമാണ്. തടികൾ അടിച്ച് കൂട്ടിയ നീല പെയ്ന്റടിച്ച കടയും അതിന് ചുറ്റും വീഴ്ന്ന് കിടക്കുന്ന കോർട്ടേഴ്സിലെ മരത്തിലെ മഞ്ഞപ്പൂക്കളും അവിടെയുണ്ടോ എന്ന് ഇപ്പോഴും ഞാൻ അത് വഴി പോകുമ്പോൾ നോക്കാറുണ്ട് ! പക്ഷേ ഓർമ്മയിൽ മാത്രം കാണാൻ കഴിയുന്നതായി മാറി ആ കാഴ്ച ഇപ്പോൾ.
#nanthancode #നന്തൻകോട് #നന്ദൻകോട്

No comments:

Post a Comment