Sunday, June 21, 2020
എന്റെ സൈക്കിൾ ഡയറി
ഇന്ന് ലോക സൈക്കിൾ ദിനമെന്ന് രാവിലെ ന്യൂസ് കണ്ടപ്പോൾ ആണ് അറിഞ്ഞത്. എങ്കിൽ എന്റെ സൈക്കിൾ അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് കരുതി !
അച്ഛന് പണ്ടൊരു ഗിയർ സൈക്കിൾ ഉണ്ടായിരുന്നു. ആ കാലത്ത് അങ്ങനൊരു സൈക്കിൾ മറ്റാരുടെയും കൈയ്യിൽ ഞാൻ കണ്ടിട്ടില്ല. എന്നെയും അനിയനെയും അനിയത്തിയെയും ഈ സൈക്കിളിന്റെ മുന്നിലും (പ്രത്യേക സീറ്റ് ഉണ്ടായിരുന്നു ) പിന്നിലും നടുക്കും ഇരുത്തി അച്ഛൻ സൈക്കിൾ ഉരുട്ടി ഞങ്ങളെ സ്ക്കൂളിൽ കൊണ്ട് പോകുന്നത് ഇപ്പോഴും എന്റെ കണ്ണിൽ നിന്ന് മായുന്നില്ല. കുട്ടിക്കാലം മുതൽ എനിക്ക് ഈ സൈക്കിളിൽ ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ അച്ഛൻ കണ്ണുരുട്ടുമായിരുന്നു.
എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോളാണ് ബൈജു അണ്ണൻ എനിക്ക് സൈക്കിളോടിക്കാൻ പഠിപ്പിച്ചു തരുന്നത്. അന്ന് സൈക്കിളിന് ഞങ്ങളുടെ ഏക ആശ്രയം നന്തൻകോടുള്ള #ഭായിയുടെയും #പണിക്കരുടെയും സൈക്കിൾ വർക്ക്ഷോപ്പ് കടകളായിരുന്നു. പണിക്കരുടെ ചുവപ്പു സൈക്കിളിനായിരുന്നു ഡിമാന്റ്. മണിക്കൂറിന് 50 പൈസ ആയിരുന്നു വാടക. വാടകയ്ക്കെടുത്ത സൈക്കിൾ ഞങ്ങൾ ആർത്തി മൂത്ത് ചവിട്ടുമ്പോൾ ആ ഒരു മണിക്കൂർ വെറും പത്ത് മിനിട്ടു പോലെ തീരുമായുരുന്നു. സൈക്കിൾ തിരിച്ച് കടയിൽ കൊടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടുപ്പിന്റെ താഴെ ഇല്ലാ എന്നും ഞാൻ എയറിൽ ഫ്ളോട്ട് ചെയ്യുന്നു എന്ന് തോന്നുന്ന ആ അനുഭവം എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു.
ഒരു ദിവസം പണിക്കരുടെ സൈക്കിൾ അവറാച്ചന്റെ ഇടവഴിയിൽ നിന്ന് താഴോട്ട് ഓടിച്ച് ചന്ത മതിലിൽ ഇടിച്ചിട്ട്, സൈക്കിൾ മിണ്ടാതെ ഉരിയാടാതെ പണിക്കരുടെ കടയിൽ തിരിച്ച് കൊടുത്ത് മടങ്ങിയതിന് ഞാൻ മിനിമം ഒരു ധീരതയ്ക്കുള്ള അവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. വീട്ടിൽ വന്നു കുളിക്കാൻ തലയിൽ കൂടെ വെള്ളമൊഴിച്ചപ്പോളാണ് അവാർഡുകൾ കൈമുട്ടിലും കൈവിരലുകളിലും നല്ല പോലെ കിട്ടിയെന്ന വിവരം അറിഞ്ഞത്. സൈക്കിൾ യജ്ഞത്തിൽ കിട്ടിയ ഒരു സുഹൃത്താണ് ജോസ്. എനിക്ക് വാട്സ് ലൈനായിരുന്നു വീട്ടുകാർ നിശ്ചയിച്ചിരുന്ന ബൗണ്ടറി. പക്ഷേ ഞാനും ജോസ്സും വാട്സ് ലൈൻ വിട്ട് YMR, ചാറിച്ചിറ, നളന്ദ റൂട്ടുകൾ വഴി ചീറി പാഞ്ഞു.
പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ സൈക്കിൾ തന്നു. പറഞ്ഞറിയിക്കാത്ത സന്തോഷമായിരുന്നു അന്ന്. ഒരുപാട് നാൾ ഞാൻ ആ സൈക്കിൾ ഓടിച്ചു. പക്ഷേ കുറച്ച് മുതിർന്നപ്പോൾ കൂട്ടുകാരെല്ലാം ബൈക്കിലും മറ്റും പോകുന്നത് കണ്ട് ഞാൻ അച്ഛന്റെ സൈക്കിൾ ഉപക്ഷിച്ചു. ഇപ്പോൾ അത് തെറ്റായി പോയി എന്ന് തോന്നുന്നു. അച്ഛന് സ്ട്രോക്ക് വന്ന ശേഷം അച്ഛനും സൈക്കിൾ ഉപയോഗിക്കാതെയായി. അവസാനം ഞങ്ങടെ വീട്ടിൽ തേങ്ങയിടാൻ വരുന്ന ആൾക്ക് അച്ഛൻ ആ സൈക്കിൾ സമ്മാനമായി നൽകി. ഇന്ന് ആ സൈക്കിൾ തിരിച്ചു കിട്ടിയിരുന്നു എങ്കിൽ കൊള്ളാമെന്ന് ആഗ്രഹിച്ചു പോകുന്നു. ഒന്നും കൂടി ഒരു സൈക്കിൾ യജ്ഞത്തിന് റെഡിയാകാൻ...
മുതുകുളത്തിന്റെ ചായക്കട
നന്തൻകോട് ബസ്സ് സ്റ്റോപ്പിന്റെ ഇടത് വശത്ത് ചേർന്ന് പണ്ട് റിസർവ് ബാങ്ക് കോർട്ടേഴ്സിലെ വലിയ തണൽ മരത്തിന്റെ കീഴെയായിരുന്നു മുതുകുളത്തിന്റെ ചെറിയ ചായക്കട. ആൾകാർക്ക് നിന്ന് കുടിച്ചിട്ട് പോകാവുന്ന ഒരു കുടൂസ് കട ! ഞാൻ സ്ക്കൂളിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോൾ മുതുകുളത്തിന്റെ ചായക്കട വളരെ കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു. നന്തൻകോട് ഇന്ന് കാണും പോലെ കളർഫുൾ അല്ലായിരുന്നു അന്ന്, പക്ഷേ ചുറ്റും തണൽ മരത്തിൽ നിന്നുള്ള മഞ്ഞപ്പൂക്കൾ വീണു കിടക്കുന്ന മുതുകുളത്തിന്റെ നീല പെയ്ന്റടിച്ച ആ ചെറിയ കട, ചാറാച്ചിറ കുളത്തിൽ ഒരു ആമ്പൽ പൂവ് തനിയെ വിരിഞ്ഞു നിൽക്കും മാതിരി, നന്തൻകോടിന് ഒരു പ്രത്യേക നിറം നൽകിയിരുന്നു.
രാവിലെ അഞ്ച് മണിയ്ക്ക് കട തുറന്ന് രാവിലെത്തെ ആദ്യ ട്രയിൻ പിടിക്കാൻ പോകുന്നവർക്കും നാട്ടിലെ വീട്ടിലെ ചായ കുടിക്കാൻ താത്പര്യമില്ലാത്തവർക്കും മുതുകുളത്തിന്റെ ചായ ഒരു ആശ്വാസമായിരുന്നു. ഞാനും പലപ്പോഴും മുതുകുളത്തിന്റെ കടയിൽ പോയി ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ പറഞ്ഞപ്പോൾ അമ്മ തന്ന ഉപദേശം ഇപ്പോഴും ഓർമ്മയുണ്ട്, "വീട്ടിൽ അടുപ്പ്പുകായത്തവർക്കാണ് ചായക്കട. ഇവിടെ ഒരു കുഴപ്പവുമില്ല, നിനക്ക് ചായ ഞാൻ തരാം!" ഇപ്പോഴോ കാലം മാറി കഥ മാറി, വീട്ടിൽ അടുപ്പു പുകഞ്ഞാലും പുകഞ്ഞില്ലെങ്കിലും പുറത്തുന്നുള്ള ഭക്ഷണം നമ്മുടെ ശീലമായി, ആഗോളവത്ക്കരണത്തിന്റെ ബൈ പ്രോഡക്ട്സ്! പക്ഷേ, ഞാൻ വിട്ടില്ല, രാവിലെ ജിമ്മിൽ പോകുന്ന നേരത്ത് ട്രാക്ക് സൂട്ടിലെ പോക്കറ്റിൽ നിന്ന് ചില്ലറ പൈസ നീട്ടി ആദ്യമായി മുതുകുളത്തിനോട് ഒരു ചായ ചോദിച്ചതും അദ്ദേഹം ഗൗരവമാർന്ന മുഖത്തോട് കൂടി പുതിയ കസ്റ്റമറെ അടിമുടി നോക്കിയിട്ട് നീ ശശിയുടെ മോനല്ലേ എന്ന് ചോദിച്ചതും ഇപ്പോഴും ഇന്നലെ നടന്ന പോലെ ഓർമ്മയുണ്ട്. അന്ന് നന്തൻകോട്ടുള്ളവർക്ക് പരസ്പരം എല്ലാ പേരെയും അറിയാമായിരുന്നു. ഇന്ന് ജംഗ്ഷനിലോട്ട് ചെന്നാൽ എപ്പോഴും ചിരിക്കുന്ന രാജനണ്ണനും, അഭിലാഷണ്ണനും, വെസ്റ്റേൺ ബേക്കറിയും ഒഴിച്ചാൽ മിക്കവരും അപരിചിതർ, എല്ലാപേർക്കും എല്ലാപേരും അപരിചിതർ.
മുതുകുളം വയസ്സായിട്ടാണോ കട നിർത്തിയത് അതോ കോർപ്പറേഷൻ അധികൃതർ കട മാറ്റാൻ പറഞ്ഞതാണോ എന്നറിയില്ല. മുതുകുളവും ഇപ്പോൾ ഓർമ്മകളിൽ മാത്രമാണ്. തടികൾ അടിച്ച് കൂട്ടിയ നീല പെയ്ന്റടിച്ച കടയും അതിന് ചുറ്റും വീഴ്ന്ന് കിടക്കുന്ന കോർട്ടേഴ്സിലെ മരത്തിലെ മഞ്ഞപ്പൂക്കളും അവിടെയുണ്ടോ എന്ന് ഇപ്പോഴും ഞാൻ അത് വഴി പോകുമ്പോൾ നോക്കാറുണ്ട് ! പക്ഷേ ഓർമ്മയിൽ മാത്രം കാണാൻ കഴിയുന്നതായി മാറി ആ കാഴ്ച ഇപ്പോൾ.
#nanthancode #നന്തൻകോട് #നന്ദൻകോട്
വായിക്കുന്നതും വിളമ്പുന്നതും !
ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്. ഒരുപാട് നല്ല പുസ്തകങ്ങൾ വായിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്. നല്ല പുസ്തകം വായിക്കുന്നു എന്ന് കരുതി നമ്മുടെ ചിന്താഗതി നല്ലതാകണം എന്നില്ല. എങ്ങനെയാണ് നാം ആ പുസ്തകങ്ങളിലെ വിഷയങ്ങളെ നമ്മുടെ തോട്ട് പ്രോസസ്സിംഗിൽ കൂടി കടത്തി വിടുന്നത് എന്നത് ഒരു പ്രധാനമായ കാര്യമാണ്.
നാം നല്ല പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മുടെ ജീവിതാനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, പ്രതികരണ രീതി ഇവെയെല്ലാം പുസ്തകത്തിലെ ആശയത്തിനെ സ്വായത്തമാക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. പിന്നെ നമ്മൾ പലയിടത്തായി വിളമ്പുന്നത് ഇതിന്റെ ആകെ മൊത്തം ടോട്ടൽ ഔട്ട്പുട്ടായി മാറും. അതാണ് ചിലപ്പോളൊക്കെ ചില ദന്ത ഗോപുരങ്ങൾ നമുക്ക് മുന്നിൽ തകരുന്നതായി കാണുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?
Subscribe to:
Posts (Atom)